ലക്ഷ്യവും കര്‍മ്മസാധനയും

ജീവിതത്തിന്‍റെ സമ്പൂര്‍ണ്ണത എന്നത് പ്രകൃതിയും ജീവജാലങ്ങളും തമ്മിലുള്ള ഒത്തുചേരലാണല്ലോ. യഥാര്‍ത്ഥത്തില്‍ പ്രപഞ്ചമെന്നത് മഹാശൂന്യതയുടെ ആഴങ്ങളില്‍ നിന്നുത്ഭവിച്ച ഒരു സ്പന്ദനത്തിന്‍റെ ബഹിര്‍സ്ഫുരണമാണെന്ന തിരിച്ചറിവിലേയ്ക്ക് ശാസ്ത്രം ചെന്നെത്തിയിരിക്കുന്നു. ആ ചലനത്തിന്‍റെ വികാസപരിണാമമാണ് ഇന്നിന്‍റെ യാഥാര്‍ത്ഥ്യത്തില്‍ വന്നെത്തിയിരിക്കുന്നത്. ഇതു കാലത്തിന്‍റെ ഒരു നിയോഗമാണ്. സമ്പൂര്‍ണ്ണതിയിലേക്കുള്ള ഒരു പ്രയാണമാണ്.

മൂലസത്തയായ ഊര്‍ജ്ജവും പരിണാമരൂപമായ പ്രകൃതിയും ഒരു മഹാശക്തിയുടെ അനന്തമായ നിസര്‍ഗ്ഗപ്രവാഹമാണെന്നു കാണാം. യഥാര്‍ത്ഥത്തില്‍ കാലവും പ്രകൃതിയും പ്രപഞ്ചവുമെല്ലാംതന്നെ അനന്തവിസ്മയം തീര്‍ത്ത ഒരു പ്രതിഭാസമാണ്.

ഒരു വസ്തുവിന്‍റെ നിലനില്പ് എന്നത് യഥാര്‍ത്ഥത്തില്‍ പരസ്പരമുള്ള ത്യാഗസമര്‍പ്പണത്തിന്‍റെ നേര്‍കാഴ്ചയാണല്ലോ. ഇവയുടെയെല്ലാം വ്യവസ്ഥാപിതവും സംയോജിതവുമായ പ്രവര്‍ത്തനമാണ് ഉണ്മയുടെ ആധാരം. പ്രകൃതിയില്‍ കാണുന്ന അണു മുതല്‍ പ്രപഞ്ചമാകെയുള്ള സര്‍വ്വജീവജാലങ്ങളും ഈ സത്യത്തെ വിളിച്ചറിയിക്കുന്നു. ഇവയെല്ലാം പരസ്പരാശ്രിതവും ആത്മപ്രകാശിതവുമാണ്.

മനുഷ്യനും മറ്റു ജീവജാലങ്ങളും തന്‍റെ ജീവനെയും ജീവിതത്തെയും നിലനിര്‍ത്തുന്നത് തന്നിലുള്ള ഓരോ ചെറിയ കോശങ്ങളും അവയവങ്ങളും ഊര്‍ജ്ജതന്മാത്രകളുമെല്ലാം ഒരു പ്രതിഫലേച്ഛയുമില്ലാതെ നടത്തുന്ന നിസ്വാര്‍ത്ഥവും ത്യാഗസമര്‍പ്പിതവുമായ പ്രവൃത്തികൊണ്ടാണെന്നു കാണാന്‍ കഴിയും. ഈ മഹത്തായ കര്‍മ്മസാധനയാണ് നമ്മുടെയൊക്കെ നിലനില്പിനാധാരമായിട്ടുള്ളത്. പ്രപഞ്ചത്തിന്‍റെ ആസ്തിത്വം തന്നെ ഈ നിസ്വാര്‍ത്ഥതയിലെ "ത്യാഗസമര്‍പ്പണമാണല്ലോ". ഇതിനെ ജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യവുമായി സമന്വയിപ്പിക്കുമ്പോഴാണ് നാം മനുഷ്യരാകുന്നത്. ഈ പ്രപഞ്ച സത്യത്തെ സമര്‍പ്പിതമായ സേവന പ്രവര്‍ത്തനങ്ങളുമായി സംയോജിപ്പിക്കുമ്പോഴാണ് അത് നിത്യജീവിതത്തിന്‍റെ ഭാഗമാകുമ്പോഴാണ് ജീവിതം ധന്യമാകുന്നത്. ഈ യാഥാര്‍ത്ഥ്യത്തെ - പ്രകൃതിയുടെ ത്യാഗസമര്‍പ്പണത്തെ - മാനവ സേവാസമിതി- സേവന പ്രവര്‍ത്തനങ്ങളുടെ മാര്‍ഗ്ഗരേഖയായി ഉള്‍ചേര്‍ത്തിരിക്കുന്നു. യഥാര്‍ത്ഥത്തില്‍ പ്രകൃതിയുടെ ആത്മസത്തയായ ത്യാഗത്തെയും സേവനത്തെയും സ്വാംശീകരിച്ചുള്ള ഒരു കര്‍മ്മപഥമാണ് സമിതിയുടേത്. ഇതിന്‍റെ മോക്ഷസാധകമായ ലക്ഷ്യവും സാക്ഷാത്കാരവുമെല്ലാം സമാജത്തിന്‍റെ നന്മയ്ക്കായ്, ജീവിതത്തിന്‍റെ നിര്‍വ്വാണ പരിസമാപ്തിക്കായി ഞങ്ങള്‍ ഹൃദയപൂര്‍വ്വം സമര്‍പ്പിക്കുന്നു. ജഗദീശ്വരന്‍റെ ഉണ്മയിലേയ്ക്ക് ഈ കരുണാര്‍ദ്രമായ സേവാസമര്‍പ്പണത്തെ ഉള്‍ചേര്‍ത്ത് മാനവസേവാസമിതി സാമൂഹ്യ സേവനത്തിന്‍റെ കര്‍മ്മകാണ്ഡം വിരചിക്കുകയാണ്.

സേവനം ഒരു ഉപാസന

ഒരു കര്‍മ്മസാധകന്‍ പ്രകൃതിയേയും അതിലുള്ള ജീവജാലങ്ങളേയും അതിന്‍റെ അന്തര്‍ധാരയേയും തിരിച്ചറിയേണ്ടിയിരിക്കുന്നു. എങ്ങും നിലനില്‍ക്കുന്ന ആത്മചൈതന്യത്തെ കണ്ടെത്തേണ്ടിയിരിക്കുന്നു. മനുഷ്യരായ നാം സുഖദുഃഖസമ്മിശ്രമായ ഈ ലോകത്തില്‍ സ്വന്തം സ്വാര്‍ത്ഥത തീര്‍ത്ത ഭൗതികവിഹ്വലതകളാല്‍ താളം തെറ്റുമ്പോള്‍ സര്‍വ്വനാശത്തിലേയ്ക്ക് എല്ലാം വീഴുകയാണ്. ഇതൊരു തിരിച്ചറിവാണ്. ഉല്‍ബുദ്ധമായ ഒരു കണ്ടെത്തലാണ്. കായബലവും ആത്മബലവും സമന്വയിപ്പിച്ച് പ്രപഞ്ചത്തിന്‍റെ മൂലപ്രകൃതിയും പ്രകാശവുമായ സേവനത്തെയും ത്യാഗസമര്‍പ്പണത്തേയും ഉള്‍ചേര്‍ത്തുകൊണ്ട് പ്രകൃതിയുടെ ഉപാസകരായി നിഷ്കാമ കര്‍മ്മമെന്ന മഹാസാധനയിലേയ്ക്ക് മാനവസേവാസമിതി വന്നെത്തി നില്‍ക്കുന്നു.

വരിഞ്ഞുമുറുക്കിയ സുഖേച്ഛയുടെ വിഭ്രമവും അതു നേടാനുള്ള അധമ വിചാരങ്ങളും വികലമായ പ്രവര്‍ത്തനങ്ങളും ജീവിതത്തെ എപ്പോഴും വികൃതവും വിഷലിപ്തവുമാക്കുന്നു. അതിലൂടെ നാം ജീവിതത്തെ നരകതുല്യവും ദുരിതപൂര്‍ണ്ണവുമാക്കുകയാണ്. നാം പ്രകൃതിയുടെ ത്യാഗസമര്‍പ്പണമെന്ന കര്‍മ്മകാണ്ഡത്തില്‍ നിന്നും അകന്നതിലുള്ള ദുരന്തമാണ് ഇന്ന് സമൂഹത്തിന്‍റെ ദുരവസ്ഥയ്ക്കുള്ള പ്രധാന കാരണം. ത്യാഗസമര്‍പ്പണം ചെയ്തുകൊണ്ടേ, നന്മയുടെ സര്‍വ്വംസ്പര്‍ശിയായ സേവനത്തിലൂടെയേ ഇന്നത്തെ തിന്മകളുടെ വികല്പവിസ്ഫോടനത്തില്‍ നിന്നും സമാജത്തെ രക്ഷിക്കാന്‍ കഴിയൂ. ജീവിതത്തിന്‍റെ ശാന്തവും സ്വഛപൂര്‍ണ്ണവുമായ സ്വാഭാവികതയിലേയ്ക്ക് ചെന്നെത്തുവാന്‍ നാം ജീവനേയും ജീവിതത്തേയും കുറിച്ചുള്ള തിരിച്ചറിവും ഇച്ഛാശക്തിയും ധൈര്യവും കര്‍മ്മണ്യവും നേടേണ്ടിയിരിക്കുന്നു. അതിലൂടെയുള്ള യോഗാവസ്ഥയും പുണ്യവുമാണ് നമ്മേ മോക്ഷസാധകരായിത്തീര്‍ക്കുന്നത്.