മാനവസേവാസമിതി - സേവനവഴികള്‍

1984 ല്‍ ഗവണ്‍മെന്‍റ് ചാരിറ്റബിള്‍ ആക്ടനുസരിച്ച് രൂപം നല്‍കി. അതിനും അനേകവര്‍ഷം മുമ്പേ ഇതിന്‍റെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. സ്ഥാപകനായ പി.കെ.രവീന്ദ്രന്‍ തന്‍റെ ജീവിതാനുഭവങ്ങളും സാമൂഹ്യമായ ഉള്‍കാഴ്ചയും ചിന്തയും അതില്‍ നിന്നുള്ള പഠനവും സഹയാത്രികരില്‍ നിന്നുള്ള ആശയങ്ങളും സാമൂഹ്യപരിഷ്ക്കര്‍ത്താക്കളുടെ ദര്‍ശനവും സമന്വയിപ്പിച്ചുകൊണ്ട് സേവനപ്രവര്‍ത്തനങ്ങളോടൊപ്പം സാമൂഹ്യനവോത്ഥാനവും ആത്മീയതയുടെ നേര്‍കാഴ്ചയും ഉള്‍ചേര്‍ത്തുകൊണ്ടുള്ള ഒരു വിശാലമായ പ്രവര്‍ത്തനമണ്ഡലം രൂപപ്പെടുത്തിയിരിക്കുന്നു.

ആതുരസേവനം

  1. കോട്ടയം മെഡിക്കല്‍ കോളേജും അതിനു സമീപമുള്ള ആശുപത്രികളും കേന്ദ്രീകരിച്ച് അനേകം സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു.
  2. ആശ്രിതരില്ലാതെ കഷ്ടപ്പെടുന്ന രോഗികള്‍ക്ക് ആവശ്യമായ പരിചരണം നല്‍കുന്നു.
  3. ചികിത്സയോടൊപ്പം തല്ക്കാല വിശ്രമം ആവശ്യമുള്ളവര്‍ക്കു മെഡിക്കല്‍ കോളേജിന് സമീപം "ധര്‍മ്മശാല ആതുര ശുശ്രൂഷ കേന്ദ്രം" എന്ന ധര്‍മ്മസ്ഥാപനം നടത്തിവരുന്നു.
  4. ചികിത്സയുടെ ഭാഗമായി ക്യാന്‍സര്‍ രോഗികള്‍, കിഡ്നി രോഗികള്‍, ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞവര്‍ തുടങ്ങിയവര്‍ക്കും സഹായികള്‍ക്കും അവിടെ താമസവും ഭക്ഷണവും നല്‍കുന്നു.
  5. ഡയാലിസിസ് നടത്തുന്നവര്‍, ക്യാന്‍സര്‍ രോഗികള്‍, ഹൃദ്രോഗികള്‍ തുടങ്ങിയുള്ളവര്‍ക്കു ചികിത്സാ ഉപകരണങ്ങളും ഇതരസഹായങ്ങളും ചെയ്തുവരുന്നു.
  6. ഗുരുതര ഘട്ടത്തിലുള്ള രോഗികളെ പരിചരിക്കുന്നതിന് സന്നദ്ധ പ്രവര്‍ത്തകരെ നല്‍കുന്നു. അശരണരായ കിടപ്പ് രോഗികള്‍ക്കു ചികിത്സാ സഹായവും കുടുംബസഹായവും നല്‍കിവരുന്നു.
  7. സമൂഹത്തില്‍ ആശ്രയമറ്റവര്‍ക്കും രോഗികള്‍ക്കുമായി ഒരു അഭയമന്ദിരവും ഒപ്പം ഒരു വൃദ്ധസദനവും നിര്‍മ്മിക്കുന്ന പ്രവര്‍ത്തനത്തിലാണ്.

സാംസ്കാരികരംഗം

നാടിന്‍റെ ഇന്നത്തെ അസ്വസ്ഥതകള്‍ക്കും അരാജകത്വത്തിനുമുള്ള പ്രധാന കാരണം പൊതുവെ നാം സാമൂഹ്യബോധമോ സമാജത്തോടുള്ള പ്രതിബദ്ധതയോ ഇല്ലാത്ത ഒരു ജനതയായി മാറിയിരിക്കുന്നു എന്നതാണ്. പരസ്പരമുള്ള സഹകരണത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും ത്യാഗസമര്‍പ്പണത്തിന്‍റെയും മാര്‍ഗ്ഗത്തില്‍ നിന്നും സ്വാര്‍ത്ഥതയുടെയും അഹങ്കാരത്തിന്‍റെയും താന്‍ പ്രമാണിത്വത്തിന്‍റെയും നാള്‍വഴിയിലേക്കു നാം വ്യതിചലിച്ചിരിക്കുന്നു. ഇത് പ്രകൃതിയുടെ സ്വാഭാവികതയ്ക്ക് തീര്‍ത്തും എതിരായിട്ടുള്ളതാണ്. ഈ സ്ഥിതി മനുഷ്യന്‍റെ അന്തര്‍ധാരയില്‍ വേര്‍തിരിവിന്‍റെയും ഭൗതിക നേട്ടങ്ങള്‍ക്കായുള്ള അസ്വസ്ഥതയുടേയും സംഘര്‍ഷാത്മകവും വിഷലിപ്തവുമായ രംഗങ്ങള്‍ സൃഷ്ടിക്കുന്നു. ഈ അവസ്ഥ സമൂഹത്തില്‍ ദുരന്ത ദുരിതങ്ങള്‍ക്കു ഇടവരുത്തുന്നു. ജീവിതത്തിന്‍റെ അഭിശപ്തമായ ദുഃസ്ഥിതിയിലൂടെ സംഘര്‍ഷത്തിന്‍റെയും മൃഗീയതയുടെയും ഭീകരാവസ്ഥയുടെയും നാളുകളെ സൃഷ്ടിച്ചുകൊണ്ട് നാം ജീവിതത്തെ ഹോമിക്കുകയാണ്. അതിലൂടെ നാം സമാജത്തിന്‍റെ സര്‍വ്വനാശത്തിലേയ്ക്കാണ് സഞ്ചരിക്കുന്നത്. ഈയൊരു തിരിച്ചറിവ് ഇനിയും ഉണ്ടാകേണ്ടിയിരിക്കുന്നു. അത് പ്രബലവും സര്‍വ്വാംഗീണവുമായ ഒരു സാമൂഹ്യ നവോത്ഥാനത്തിലൂടെയേ സംജാതമാവുകയുള്ളൂ. എന്തിലുമുപരി നാമെന്തെന്നും ജീവിതമെന്തെന്നുമുള്ള തിരിച്ചറിവിലൂടെയേ അടിസ്ഥാനപരമായ ഒരു മാറ്റം സാദ്ധ്യമാകൂ. സ്ഥാപിത താല്പര്യങ്ങള്‍ക്കുവേണ്ടി ദുരുപയോഗം ചെയ്യുന്ന ജാതിമതവര്‍ഗ്ഗവര്‍ണ്ണ ചിന്തകളുടെ വിഭാഗീയതകള്‍ക്കപ്പുറത്ത് നേരിന്‍റെ നേര്‍ക്കാഴ്ചയിലേയ്ക്ക് നാം വന്നെത്തേണ്ടിയിരിക്കുന്നു. അതെ, ജീവിതത്തിന്‍റെ സന്തുലിതാവസ്ഥയിലേയ്ക്ക്, വിഭാഗീയതയില്‍ നിന്നും ഐകമത്യത്തിലേയ്ക്ക്, സങ്കുചിതത്വത്തില്‍ നിന്നും വിശാലതയിലേയ്ക്കുള്ള ഒത്തുചേരല്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. അതിനായുള്ള സാമൂഹ്യവും സാംസ്കാരികവും സേവനപരവുമായ അനേകം പ്രവര്‍ത്തനപന്ഥാവിലൂടെ സമിതി മുന്നേറുകയാണ്.

ജനനി പൈതൃക കേന്ദ്രം

കഴിവുള്ള സ്ഥലങ്ങളിലെല്ലാം വിശേഷിച്ച് ഗ്രാമങ്ങള്‍തോറും പൈതൃക സാംസ്കാരിക നിലയങ്ങള്‍ സ്ഥാപിക്കുക എന്ന ബൃഹത് പദ്ധതിയുടെ പണിപ്പുരയിലാണ്. നാട്ടിലെ മുഴുവന്‍ ആളുകള്‍ക്കും ഒത്തുചേരാനുള്ള സങ്കേതം. ശാസ്ത്രീയമായ സ്നാനത്തിനും ആകാശനിരീക്ഷണത്തിനും ധ്യാനത്തിനും വ്യത്യസ്ഥമായ വ്രതാനുഷ്ഠാനങ്ങള്‍ക്കും ഗുണാത്മകമായ പ്രാര്‍ത്ഥന നടത്തുന്നതിനും ആത്മനിഷ്യന്ദിയായ ഒത്തുചേരലിനും ഒത്തൊരുമിച്ചുള്ള പ്രകൃതിഭക്ഷണത്തിനും വായിക്കാനും പഠിക്കാനും ഇരിക്കാനും കിടക്കാനും ഒത്തുചേര്‍ന്നുള്ള ചര്‍ച്ചകള്‍ക്കും എല്ലാ കെട്ടുകളും താല്പര്യങ്ങളും ഒഴിഞ്ഞ് ആടാനും പാടാനും സല്ലപിക്കാനുമുള്ള ഒരു സങ്കേതം. സംസ്കൃതിയുടെയും ജീവിതസാക്ഷാല്കാരത്തിന്‍റെയും ഉണര്‍വ്വിന്‍റെയും വെളിച്ചത്തിന്‍റെതുമായ ഒരു കേന്ദ്രം. താപസതുല്യനായ ഒരു ആചാര്യന്‍റെ മേല്‍നോട്ടത്തിലാവും അതു പ്രവര്‍ത്തിക്കുക. സമൂഹധ്യാനം തുടങ്ങിയ പ്രക്രിയയിലൂടെ, പ്രകൃത്യാരാധനപോലുള്ള പദ്ധതിയിലൂടെ ആത്മീയവും ഭൗതികവുമായ ഐകമത്യത്തിലൂടെ, സര്‍വ്വാംഗീണമായ ഒരു ശുദ്ധിപ്രക്രിയയിലൂടെ, സമാജത്തിന്‍റെ ഗുണാത്മകത വര്‍ദ്ധിപ്പിച്ചും സാമൂഹ്യനന്മയുടെ നല്ല നാളെയ്ക്കായുള്ള യജ്ഞം. വലിയ ആസൂത്രണവും പ്രയത്നവും ആവശ്യമുള്ള ഈ പദ്ധതിക്ക് ഇനിയും ഗുണപരമായ ചിന്തകളും നിര്‍ദ്ദേശങ്ങളും എത്രയും ആവശ്യമാണ്. വളരെ ശ്രമകരമായ ഒരു പദ്ധതിയെന്ന നിലയില്‍ എല്ലാവരുടെയും സഹായവും സഹകരണവും ഹൃദയപൂര്‍വ്വം പ്രതീക്ഷിക്കുന്നു. കഴിവുള്ള സ്ഥലങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കുക. ഈ ദര്‍ശനത്തെ അധികരിച്ചുള്ള ലഘുലേഖകള്‍ ആധികാരികത ഉള്‍ക്കൊള്ളുന്ന ഗ്രന്ഥങ്ങള്‍ എന്നിവ തയ്യാറാക്കി ജനങ്ങളിലെത്തിക്കുക. ഉപവാസ പ്രാര്‍ത്ഥനകള്‍ ഗുണകരമായ ആചാരാനുഷ്ഠാനങ്ങള്‍ എന്നിവയിലൂടെ 'മനസ്സാപരിക്രമം" വഴി നന്മയുടെ നാളെയിലേയ്ക്ക് സമാജത്തെ എത്തിക്കുക. ഉള്‍ക്കാഴ്ചയുള്ള ആചാര്യന്മാരെയും ശാസ്ത്രജ്ഞരെയും സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിലെ പ്രഗത്ഭരേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ക്യാമ്പുകളും സെമിനാറുകളും നടത്തിവരുന്നു. അതില്‍ നിന്നും സന്മനസ്സും പ്രാപ്തിയുമുള്ള പ്രബോധകരെ കണ്ടെത്തി അവരിലൂടെ സമാജത്തെ ആകമാനം ബന്ധിച്ചുള്ള പ്രചാരണവും ഉല്‍ബോധനവും നടത്തിവരുന്നു. സമാജത്തില്‍ സാത്വികാചാരങ്ങളെയും ചിന്തകളെയും ജീവിതചര്യകളേയും പ്രയോഗവല്കരിക്കാന്‍ കഴിയുന്നവരെ സംയോജിപ്പിച്ച് സാധനാ യാത്രകളും യോഗകര്‍മ്മപദ്ധതികളും മാര്‍ഗ്ഗരൂപേണ പ്രയോജനപ്പെടുത്തി സാമൂഹ്യ പരിവര്‍ത്തനത്തിന് കളമൊരുക്കുന്നു. മഹാചാര്യന്മാരുടെ ചിന്തകളെ പ്രായോഗിക ബുദ്ധിയോടെ കാലോചിതമായി രൂപപ്പെടുത്തി സമാജനന്മയ്ക്കായുള്ള കര്‍മ്മപദ്ധതികള്‍ക്കു മാര്‍ഗ്ഗമൊരുക്കുന്നു.

ഉള്‍ക്കാഴ്ചയുള്ള ആചാര്യന്മാരെയും ശാസ്ത്രജ്ഞരെയും സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിലെ പ്രഗത്ഭരേയും പങ്കെടുപ്പിച്ചുകൊണ്ടുള്ള ക്യാമ്പുകളും സെമിനാറുകളും നടത്തിവരുന്നു. അതില്‍ നിന്നും സന്മനസ്സും പ്രാപ്തിയുമുള്ള പ്രബോധകരെ കണ്ടെത്തി അവരിലൂടെ സമാജത്തെ ആകമാനം ബന്ധിച്ചുള്ള പ്രചാരണവും ഉല്‍ബോധനവും നടത്തിവരുന്നു.

സമാജത്തില്‍ സാത്വികാചാരങ്ങളെയും ചിന്തകളെയും ജീവിതചര്യകളേയും പ്രയോഗവല്കരിക്കാന്‍ കഴിയുന്നവരെ സംയോജിപ്പിച്ച് സാധനാ യാത്രകളും യോഗകര്‍മ്മപദ്ധതികളും മാര്‍ഗ്ഗരൂപേണ പ്രയോജനപ്പെടുത്തി സാമൂഹ്യ പരിവര്‍ത്തനത്തിന് കളമൊരുക്കുന്നു.

മഹാചാര്യന്മാരുടെ ചിന്തകളെ പ്രായോഗിക ബുദ്ധിയോടെ കാലോചിതമായി രൂപപ്പെടുത്തി സമാജനന്മയ്ക്കായുള്ള കര്‍മ്മപദ്ധതികള്‍ക്കു മാര്‍ഗ്ഗമൊരുക്കുന്നു

വ്യത്യസ്ത മേഖലകളില്‍ എല്ലാ ആചാരങ്ങളേയും സമന്വയിപ്പിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥന നിലയങ്ങള്‍ക്കു രൂപം നല്‍കിവരുന്നു.

ആരോഗ്യജീവിതം - ഒരു മാര്‍ഗ്ഗരേഖ

ഇന്ന് മുതലാളിത്ത ചിന്തയും അതില്‍ നിന്നും രൂപം കൊണ്ട ജീവിതചര്യകളും സമാജത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്നു. ഉന്നത കോര്‍പ്പറേറ്റുകളും അവരുടെ വൈതാളികവൃന്ദവും തീര്‍ത്ത ജടിലമായ പാതയിലൂടെ ഉന്മാദം നിറഞ്ഞ മനസ്സുമായി ലോകം ലക്ഷ്യമില്ലാതെ പായുകയാണ്. "മോഡേണ്‍" എന്ന പദപ്രയോഗത്തിലൂടെ എന്തിനേയും മാറ്റിമറിക്കാന്‍ പോന്ന വ്യവസായ ശൃംഖലയും അവരുടെ ആസൂത്രണവും ലോകത്തെ ആകമാനം വരിഞ്ഞുമുറുക്കിയിരിക്കുന്നു. മനസ്സിനെയും ചിന്തയെയും അഭിരുചികളേയും അധീനപ്പെടുത്തി ഭൗതികതയുടെ മോഹവലയത്തില്‍ ഞെരിച്ചമര്‍ത്തിയിരിക്കുന്നു. സ്വാഭാവികമായ ഭക്ഷണക്രമത്തില്‍ നിന്നും വേര്‍തിരിച്ച് നാക്കിന്‍റെ രുചിക്കൂട്ടിലേക്ക് മനുഷ്യനെ തന്ത്രപൂര്‍വ്വം ആട്ടിത്തെളിച്ച് രോഗജന്യമായ ഭക്ഷണക്രമത്തിലേയ്ക്കും അതിനനുകൂലമായ ജീവിതചര്യയിലേയ്ക്കും കൊണ്ടെത്തിച്ചിരിക്കുന്നു. എല്ലാം അതിസമര്‍ത്ഥമായ ചൂഷണത്തിന്‍റെ മാര്‍ഗ്ഗരേഖയാണ്. ചികിത്സാ മേഖല ഇന്ന് കൊള്ളയുടെ മഹാസാമ്രാജ്യമായി തീര്‍ന്നിരിക്കുന്നു. ഒരു കാലത്ത് ചികിത്സ എന്ന പ്രയോഗം തന്നെ ഉണ്ടായിരുന്നില്ല. നമ്മിലുണ്ടാകുന്ന അസ്വാഭാവികതയെ "രോഗം" എന്ന വിശേഷണത്തിലൂടെ ദോഷകരവും സംഭവിക്കാന്‍ പാടില്ലാത്തതുമായതെന്തോ നടക്കുന്നതായ ദുഃസന്ദേശം സമൂഹത്തിനു നല്‍കി. അതിനെ സമര്‍ത്ഥമായി വികസിപ്പിച്ച് "രോഗവും രോഗിയും ചികിത്സയും" എന്ന മഹാബന്ധനത്തിലേയ്ക്ക് സമൂഹത്തെ കൊണ്ടെത്തിച്ചിരിക്കുന്നു. ഇതിനൊരു പരിഹാരമായിട്ടാണ് ആരോഗ്യ ജീവിതത്തിന് "കര്‍മ്മണ്യം" എന്ന ഒരു മാര്‍ഗ്ഗരേഖയുമായി മാനവസേവാസമിതി മുന്നോട്ട് പോകുന്നത്

ഭക്ഷണം ഔഷധമാണെന്ന ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ പിതാവായ ഹിപ്പോക്രാറ്റിന്‍റെ വാക്കുകള്‍ എക്കാലവും പ്രസക്തമാണ്.അതിനായി സമാജത്തിന്‍റെ ഭക്ഷണരീതിക്കു മാറ്റം വരുത്തണം. സാത്വികമായ ഒട്ടനവധി നിഷ്ഠകളും ജീവിതചര്യകളും പ്രാവര്‍ത്തികമാക്കണം. ആധുനികതയിലെ ചൂഷണാധിഷ്ഠിതവും വിനാശകരവുമായ ഒട്ടനവധി ചികിത്സാരീതികളില്‍ നിന്നും ബോധപൂര്‍വ്വം മോചിതരാകണം.

അതിനുള്ള മാര്‍ഗ്ഗരേഖയുമായി സമിതി പ്രവര്‍ത്തനനിരതമാണ്. അതിന് ആവശ്യമായ ലഘുലേഖകള്‍, ഗ്രന്ഥങ്ങള്‍, വീഡിയോകള്‍ ആധുനികമായ ഇതര പ്രചാരണങ്ങള്‍ ഉപയോഗപ്പെടുത്തിവരുന്നു. ആഴത്തിലാഴ്ന്നിറങ്ങിയ ഇന്നിന്‍റെ രോഗജന്യമായ ജീവിതചര്യയില്‍ നിന്നും മോചനം നേടുന്നതിന് കാലോചിതമായ "പ്രകൃതിജീവനപദ്ധതികള്‍" സമിതി ലക്ഷ്യമിടുന്നു.

വിശ്വസംസ്കൃതി നിലയം(ജൈവം പ്രകൃതി ജീവനകേന്ദ്രം)

ഇപ്പോള്‍ ഒരു ചെറിയ കേന്ദ്രമായിട്ടാണ് ആരംഭിച്ചിരിക്കുന്നത്. കൂടുതല്‍ വിപുലീകരിച്ച് 250 ഏക്കറിലധികമുള്ള സ്ഥലത്ത് വലിയ കേന്ദ്രമായി വളര്‍ത്തിയെടുക്കാനുള്ള യജ്ഞത്തിലാണ്. അവിടെ താമസത്തിന് പ്രകൃതിയ്ക്കിണങ്ങിയ കെട്ടിടങ്ങള്‍, കുളിക്കുന്നതിനുള്ള പ്രകൃതിസ്നാനഘട്ടങ്ങള്‍, അരുവികള്‍, നീര്‍ചോലകള്‍, പ്രകൃതികൃഷിക്കുള്ള ഇടം, കൊച്ചുവനം, ജീവജാലങ്ങള്‍, ആധുനികതയുടെ ആഡംബരങ്ങളില്ലാത്ത ഒരു കൊച്ചുഗ്രാമം. അവിടെ താല്പര്യങ്ങളില്ല. ശാന്തമായ മനസ്സും ശാന്തസുന്ദരമായ ജീവിതവും. ഏവര്‍ക്കും വരാം. ആ സാഹചര്യത്തോടിണങ്ങി അവിടെ ഒന്നിക്കാം. പുതിയ ഉള്‍ക്കാഴ്ചകള്‍ പേറി അതില്‍ അഭിരമിച്ച്, പ്രപഞ്ചത്തിന്‍റെ അനന്തചേതനയോടൊത്ത് ചേരാം.

ഈ മഹായജ്ഞവുമായി ആശയം പങ്കുവെയ്ക്കാം. സഹകരിക്കാം.

പ്രകൃതിയ്ക്കൊരു സ്നേഹക്കൂട്

ഇന്ന് ഭൗതികതയുടെ കുത്തൊഴുക്കില്‍ പ്രകൃതിയുമായി നാം അകന്നുകൊണ്ടിരിക്കുകയാണല്ലോ. ആധുനിക ജീവിതചര്യയില്‍ ആഗ്രഹങ്ങളുടെയും ആഴ്ന്നിറങ്ങിയ പ്രലോഭനങ്ങളുടേയും നീരാളിപ്പിടുത്തത്തില്‍ നാം ജീവിതത്തെതന്നെ ഹോമിക്കുകയാണ്. എല്ലാം സര്‍വ്വനാശത്തിലേയ്ക്കുള്ള പ്രയാണം. അതെ, ഇതില്‍ നിന്നുള്ള ഉണര്‍ത്തു പാട്ടാണ് മാനവസേവാ സമിതിയുടെ 'പ്രകൃതിയ്ക്കൊരു സ്നേഹക്കൂട്' എന്ന ജനകല്യാണ്‍ കര്‍മ്മപദ്ധതി.

പ്രകൃതികൃഷിയിലൂടെയും വനവല്ക്കരണത്തിലൂടെയും ജലശുദ്ധിക്രിയയിലൂടെയുമുള്ള ഒരു സാമൂഹ്യനവോത്ഥാനം

ഹരിതശ്രീകര്‍ഷകവേദി- പ്രകൃതികര്‍ഷകരുടെ ഒരു ജനകീയ കൂട്ടായ്മ

  1. വീടുകള്‍ കേന്ദ്രീകരിച്ച് രാസവളങ്ങളില്ലാതെ, പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള 'തനിമകൃഷി' പ്രോത്സാ ഹിപ്പിക്കുന്നു
  2. ഓരോ ഗ്രാമങ്ങളിലും തുടക്കത്തില്‍ 100 ല്‍ കുറയാതെയുള്ള വീടുകള്‍ ദത്തെടുത്ത് സമിതിയുടെ കര്‍മ്മസേനാംഗങ്ങള്‍ അവിടങ്ങളില്‍ ചെന്ന് പ്രകൃതികൃഷിക്കാവശ്യമായ മുന്നൊരുക്കങ്ങള്‍ ചെയ്തു കൊടുക്കുന്നു.<
  3. വിത്ത്, ജൈവവളം തുടങ്ങിയവ നല്‍കി കൃഷിക്കാവശ്യമായ ഇതര സഹായങ്ങളും ചെയ്ത് തനിമ കൃഷിയ്ക്കുള്ള മാര്‍ഗ്ഗമൊരുക്കുന്നു.
  4. താല്പര്യമുള്ളവരെ സഹകരിപ്പിച്ച് കൂട്ടുകൃഷി നടത്തുന്നതിനുള്ള വേദി ഒരുക്കുന്നു.
  5. അന്തരീക്ഷ ശുചീകരണത്തിനും രോഗപ്രതിരോധ ശേഷിക്കുമായി "ജൈവം പ്രകൃതി ജീവനം" പദ്ധതിയിലൂടെ ഔഷധസസ്യങ്ങളും വനവല്കരണവും പ്രോത്സാഹിപ്പിക്കുന്നു.

" ബഹുജന ഹിതായ ബഹുജന സുഖായ കര്‍മ്മണ്യം സാമൂഹ്യക്ഷേമ പദ്ധതി അയുതാരൂഢപദ്ധതി "

ജീവിതത്തിന്‍റെ ദുര്യോഗങ്ങള്‍ തീര്‍ത്ത പ്രാരാബ്ധത്താല്‍ സ്വന്തമായി കിടപ്പാടമില്ലാതെയും മറ്റും ക്ലേശിക്കുന്ന അര്‍ഹരായവര്‍ക്കു ഭൂമിയും വീടും നല്‍കുന്ന പദ്ധതി. അതോടൊപ്പം ജീവിതത്തിന്‍റെ സുരക്ഷിതത്വവും സാമൂഹ്യമായ അംഗീകാരവും സഹവര്‍ത്തിത്വവും നേടിക്കൊടുക്കുന്നു. അവരെ സമിതിയുടെ ഇതര പ്രവര്‍ത്തനങ്ങളില്‍ സഹകരിപ്പിക്കുകയും ജീവിതായോധനത്തിനുള്ള മാര്‍ഗ്ഗമൊരുക്കുകയും ചെയ്യുന്നു.

സുജീവിതം - സുരഭിമംഗല്യവേദി

ജീവിതസാഹചര്യങ്ങളുടെ ദുരിതത്താല്‍ അവിവാഹിതരായി കഴിയേണ്ടിവരുന്നവര്‍ക്കും ദുര്യോഗത്താല്‍ അപഥമാര്‍ഗ്ഗത്തിലൂടെ ജീവിതം ഹോമിക്കപ്പെട്ടവര്‍ക്കും ഇതര സാഹചര്യങ്ങളില്‍ കുടുംബ ജീവിതം തടസ്സപ്പെട്ടവര്‍ക്കും, അവര്‍ക്കു വിവാഹമൊരുക്കി കുടുംബ ജീവിതം നയിക്കുന്നതിനുള്ള മാര്‍ഗ്ഗമൊരുക്കുന്നു.

നവജ്യോതി തൊഴില്‍ദാനപദ്ധതി

സ്വയമായി ജീവിക്കാന്‍ തൊഴിലില്ലാതെ കഷ്ടപ്പെടുന്ന അര്‍ഹരായവര്‍ക്കു 'സ്വയംതൊഴില്‍' കണ്ടെത്തി അതു നടത്താന്‍ ആവശ്യമായ സഹായം ചെയ്തു കൊടുക്കുന്നു. പലര്‍ക്കും ചെറിയ കടകള്‍ (ബങ്കുകള്‍) നിര്‍മ്മിച്ച് അര്‍ഹമായ സ്ഥലം കണ്ടെത്തി കച്ചവടം നടത്തുന്നതിനുള്ള സൗകര്യമൊരുക്കുന്നു. കൂട്ടായസംരംഭങ്ങള്‍ക്കും വ്യവസായ യൂണിറ്റുകള്‍ക്കും ആവശ്യമായതു ചെയ്തു കൊടുക്കുന്നു.

ആല്‍

പ്രകൃതിയിലെ പുണ്യവാഹിനിയായ വൃക്ഷമാണല്ലോ ആല്‍. മനുഷ്യനുമായി ഏറ്റവുമധികം ഇഴ ചേര്‍ന്നിരിക്കുന്ന വൃക്ഷം. പൗരാണികാചാര്യന്മാരൊക്കെത്തന്നെ അതിന്‍റെ ഗുണാതിരേകം കണ്ടെത്തിയിരുന്നു. ഇലകള്‍ വായുവില്‍ ചലിക്കുമ്പോള്‍ പ്രകൃതിയുടെ ശാന്തിമന്ത്രമായ പ്രണവ ശബ്ദത്തിന്‍റെ താളവും ലയവും ധ്വനിയുമാണ് ഉണരുകയെന്ന് ആചാര്യന്മാര്‍ തിരിച്ചറിഞ്ഞിരുന്നു. ബ്രഹ്മാണ്ഡത്തിന്‍റെ മൂലപ്രഭവമായ കൂര്‍മ്മാകാരമാണ് ഇലകള്‍ക്കുള്ളതെന്നും ദര്‍ശിച്ചിരുന്നു. അവര്‍ അതിന്‍റെ നീണ്ട അഗ്രം സൃഷ്ടിയിലെ ആദ്യാങ്കുരമായ സഹസ്രാരപത്മത്തിലേയ്ക്കുള്ള ഗമനഗതിയായി കണ്ടെത്തിയിരുന്നു. ശാന്തിയുടെ മൂലസ്പന്ദമായ അനന്ത മൗനമാണ് അതില്‍ കുടികൊള്ളുന്നതെന്നും തിരിച്ചറിഞ്ഞിരുന്നു.

പ്രകൃതിയില്‍ പ്രാതസ്മരണ ഉണര്‍ത്തുന്ന ആല്‍ അതെ 'മൂലപ്രകൃതി' യുടെ പുണ്യം വഴിയുന്ന ദേവവൃക്ഷമായ ആല്‍ ലോകനന്മയ്ക്കായുള്ള തപോബലവും പേറി സൗമ്യചേതനയോടെ നില്‍ക്കുന്നു. അത് ശാന്തിയും സമാധാനവും സമാജത്തിന് നല്‍കുന്നു.

പുണ്യവും മോക്ഷഗതിയും പ്രദാനം ചെയ്യുന്നു.

പ്രകൃതിയുടെ വരദാനമാണ് ആല്‍. ഈ സത്യത്തെ സമൂഹ നന്മയ്ക്കായി മാറ്റുവാന്‍ ഇതിന്‍റെ തുടക്കമായി 1000 ആലുകള്‍ വച്ചു പരിപാലിക്കാനുള്ള പദ്ധതി നടപ്പാക്കിക്കൊണ്ടിരിക്കുന്നു. തുടര്‍ന്ന് കൂടുതല്‍ ആലുകള്‍ നട്ടുപരിപാലിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. അതു പവിത്രമാണ് പരമാത്മ ചൈതന്യമാണ്.

ഒരു കുളവും ചെറുവനവും (സര്‍പ്പക്കാവ്)

ഭൂമിയുടെയും ജീവജാലങ്ങളുടെയും സ്വാഭാവിതയെ നിലനിര്‍ത്തുന്നതിന് പ്രകൃതിയുടെ സന്തുലിതാവസ്ഥയെ കാത്തു സൂക്ഷിക്കുന്നതിന് സര്‍പ്പക്കാവുകളുടെ പ്രാധാന്യം എത്രയും വലുതാണ്. ഇവയെ സര്‍പ്പക്കാടുകളെന്നും വിളിക്കാറുണ്ട്. പ്രാണന്‍റെ ചലനഗതി സര്‍പ്പിളമാണെന്ന തിരിച്ചറിവാണ്, ഒരു പാമ്പിന്‍റെ ഗതികമായ ഇഴയലിന്‍റെ നിയതഭാവമാണെന്ന കണ്ടെത്തലാണ്, പൂര്‍വ്വികര്‍ പ്രകൃതിയുടെ മൂലസ്ഥാനമായി കണ്ട അതിനെ സര്‍പ്പക്കാവ് അഥവ സര്‍പ്പക്കാട് എന്ന വിളിപ്പേര് നല്‍കിയത് എന്നനുമാനിക്കേണ്ടിയിരിക്കുന്നു. ഈ സര്‍പ്പക്കാവുകള്‍ സൃഷ്ടിക്കുന്ന അനുലോമവും പ്രതിലോമവുമായ സക്രിയചലനങ്ങള്‍ അഥവ ഊര്‍ജ്ജതരംഗങ്ങള്‍ പ്രകൃതിയുടെ വിസ്ഫോടനങ്ങളായ ഇടിമിന്നല്‍, ഭൂമികുലുക്കം തുടങ്ങിയ ചലനവേഗതകളെ ശാന്തമാക്കി അതിന്‍റെ ക്രമപ്രവൃദ്ധമായ അവസ്ഥയിലേയ്ക്ക് എത്തിക്കുന്നു. അതിന്‍റെ സ്വത്വത്തില്‍ കുളം, പാല, കരിമ്പന തുടങ്ങിയുള്ള വൃക്ഷലതാദികളും, മുറിപ്പെടാത്ത മണ്ണും മരങ്ങളും, ചലനവൈകൃതം പേറാത്ത വായുവും, ഘനസമ്പുഷ്ടവും, ഗുരുത്വമൂറുന്നതുമായ ചപ്പും ചവറുകളും, അതിനുള്ളില്‍ നിറഞ്ഞ ജീവസമൃദ്ധമായ വേരുകളും, നിറവാര്‍ന്ന പ്രാണജലവും, ഇവയെ സാത്മീകരിച്ച ഊര്‍ജ്ജവുമെല്ലാം ഒത്തുചേര്‍ന്ന ഇവിടം പ്രകൃതിയുടെ ആത്മപ്രഭാവമാണ് എന്നുകാണാം. പ്രപഞ്ചത്തിന്‍റെ മൂലാവസ്ഥ പേറിക്കൊണ്ട് യോഗതുല്യമായ പ്രസരിപ്പും ശാന്തതയുടെ അനന്തതയും പേറി നിര്‍വ്വാണാത്മകതയുടെ സാക്ഷാത്കാരമായ കാവുകളെ അനുഭവിച്ചറിഞ്ഞവരായിരുന്നു നമ്മുടെ പൂര്‍വ്വികര്‍. ഈ പ്രദേശത്തെ സ്വച്ഛതയും ശാന്തസൗമ്യതയും നിലനിര്‍ത്തുന്നതിനായി ഇരിപ്പും നടപ്പുമൊക്കെ ഒഴിവാക്കേണ്ടതിനാല്‍ ഇവിടം യക്ഷി ഗന്ധര്‍വ്വന്മാരുടെ ഇരിപ്പിടമാണെന്ന ചിന്തയും ധാരണയുമൊക്കെ വരുത്തി സമാജത്തെ അവിടെ നിന്നും ഒരകലത്തിലേയ്ക്കു അകറ്റുകയായിരുന്നു ചെയ്തത്. അതുകൊണ്ട് തന്നെ സാധാരണയില്‍ നിന്നും വേറിട്ട ഒരു ധാരണയായിരുന്നു കാവുകളെ സംബന്ധിച്ച് ഉണ്ടായത്. യുനെസ്കോ ഇതിനെക്കുറിച്ച് ശാസ്ത്രീയമായ അനേകം പഠനങ്ങളും കണ്ടെത്തലുകളും നടത്തിയിട്ടുണ്ട്. അവര്‍ കാവുകളുടെ പുനഃസൃഷ്ടിക്കുള്ള പരിശ്രമത്തിലാണ്.

സര്‍പ്പക്കാവുകള്‍ എല്ലാ മേഖലകളിലും ഉണ്ടാകേണ്ടതിന്‍റെ ആവശ്യകത ഇന്ന് ശാസ്ത്രലോകവും പ്രകൃതി സ്നേഹികളും തിരിച്ചറിഞ്ഞിരിക്കുന്നു. മാനവസേവാസമിതി സര്‍പ്പക്കാവുകളുടെ പുനഃസൃഷ്ടിക്കും പുതിയ നിര്‍മ്മാണത്തിനുമായി ബൃഹത്തായ പദ്ധതിക്കു രൂപം നല്‍കിയിരിക്കുന്നു. ഇതിനോട് താല്പര്യമുള്ളവരെ സഹകരിപ്പിച്ചുകൊണ്ട് ഈ പദ്ധതികള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നു. കൂടുതല്‍ കാര്യങ്ങള്‍ക്ക് സംഘടനയുമായി ബന്ധപ്പെടാവുന്നതാണ്.

സേവാമിത്ര അവാര്‍ഡ്

സാമൂഹ്യ സേവന രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനവും സമര്‍പ്പണവും നടത്തുന്ന വ്യക്തികളെ ആദരിക്കുന്നതിനും അവരുടെ സേവനങ്ങളെ സമൂഹമദ്ധ്യത്തില്‍ അംഗീകാരം നേടിക്കൊടുക്കുന്നതിനും വേണ്ടി നടത്തുന്ന അവാര്‍ഡ്ദാനം. ഓരോ വര്‍ഷവും വ്യക്തിയെ തെരഞ്ഞെടുക്കുകയും അവര്‍ക്ക് 25000 രൂപ ക്യാഷ് അവാര്‍ഡും ശില്പവും പ്രശസ്തിപത്രവും നല്‍കുന്നു. അതോടൊപ്പം കാലികപ്രാധാന്യമുള്ള ഒരു സാമൂഹ്യ വിഷയത്തില്‍ പ്രഗത്ഭരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പ്രഭാഷണവും നടത്തുന്നു.

ജോസഫ് മുരിക്കന്‍ സ്മാരക കാര്‍ഷിക മ്യൂസിയം

കാര്‍ഷിക മേഖലയില്‍ തന്‍റെ തനതായ ചിന്തയും അപാരമായ കര്‍മ്മശേഷിയും അനിതര സാധാരണമായ ഇച്ഛാശക്തിയും സമന്വയിപ്പിച്ച് അതിനൂതനവും സാഹസികവുമായ മഹത്തായ യജ്ഞത്തിലൂടെ ഇതിഹാസം വിരചിച്ച വീരനായകന്‍, കൃഷിയിടത്തിലെ മഹാതാപസന്‍ ജോസഫ് മുരിക്കന്‍റെ സ്മരണാര്‍ത്ഥം ഒരു കാര്‍ഷിക മ്യൂസിയം സ്ഥാപിക്കുന്നു.

ചരിത്രത്തിന്‍റെ വിസ്മൃതിയിലേയ്ക്ക് ബോധപൂര്‍വ്വം തള്ളിമാറ്റിയ എന്നാല്‍ കേരളം എക്കാലവും സ്നേഹാദരവോടെ സ്മരിക്കേണ്ട ഒരു മഹല്‍വ്യക്തിത്വം

1940 കളില്‍ ലോകമഹായുദ്ധം കൊടുമ്പിരികൊണ്ടപ്പോള്‍ ബര്‍മ്മയില്‍ നിന്നും മറ്റും ഇവിടേയ്ക്ക് അരി വരാതിരുന്ന കാലം. അന്ന് ഇവിടം വേനല്‍ വറുതിയാല്‍ കൃഷി നശിച്ച് പട്ടിണിയിലേയ്ക്ക് നീങ്ങിയിരുന്നു. ദാരിദ്ര്യം ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായി മാറിയ സമയം. ഭരണാധികാരികളും ജനങ്ങളാകെതന്നെയും ഈ വിപത്തിനെ എങ്ങിനെ അതിജീവിക്കുമെന്ന് ഭയാശങ്കയോടെ കഴിഞ്ഞപ്പോള്‍ കായലില്‍ കൃഷിയിറക്കി വിളവെടുത്ത് പട്ടിണിമാറ്റാമെന്ന തന്‍റെ നൂതനാശയം അന്നത്തെ ഭരണാധികാരി ചിത്തിര തിരുനാള്‍ മഹാരാജാവിനോട് ഉണര്‍ത്തിച്ചു. മഹാരാജാവിന്‍റെ പൂര്‍ണ്ണ സമ്മതവും സഹകരണത്തോടെയും വേമ്പനാട്ടു കായലിന്‍റെ നല്ല ഒരു ഭാഗം ചിറകെട്ടി വെള്ളം വറ്റിച്ച് കരയാക്കി കടല്‍നിരപ്പിനു താഴെ കൃഷിയിറക്കി നാടിന്‍റെ പട്ടിണിമാറ്റി ഒരു സമൂഹത്തെ നിലനിര്‍ത്തിയ മഹാകര്‍ഷകന്‍. നമുക്ക് ആ ഓര്‍മ്മകള്‍ക്കു മുമ്പില്‍ പ്രണാമമര്‍പ്പിക്കാം.

ദശാബ്ദങ്ങള്‍ക്കു മുമ്പ്, ശാസ്ത്രം ഇത്രയൊന്നും പുരോഗമിക്കാത്ത കാലം. ഏതാണ്ട് മൂവായിരത്തോളം തൊഴിലാളികളെ കായലില്‍ ഇറക്കി. ചെളി കുത്താന്‍ നൂറ് കണക്കിന് വള്ളങ്ങള്‍. പതിനായിരക്കണക്കിന് തെങ്ങിന്‍വാരികള്‍ ഇന്നത്തെക്കാള്‍ വളരെ ആഴമുണ്ടായിരുന്ന കായലില്‍ നാട്ടി കായലിന്‍ നിന്നുതന്നെ ചെളികുത്തി 20 അടിയോളം വീതിയില്‍ ചിറപിടിച്ച് അതിനുള്ളിലെ വെള്ളം വറ്റിച്ച് സമുദ്രനിരപ്പിനും താഴെ വിത്തിട്ട് വിളവെടുത്ത മഹാസംഭവം. ഭൂമിയും വെള്ളവുമായി സംവദിച്ച ആ മഹാന്‍ കായലിനെ കരളുറപ്പോടെ തന്നില്‍ ലയിപ്പിച്ച മഹാപ്രതിഭ! തന്നോടൊപ്പം നടന്ന മുഴുവന്‍ ആളുകളുടേയും ഹൃദയതടത്തില്‍ സ്നേഹദൂതുമായി ഒഴുകിയെത്തി തഴുകിത്തലോടി, ഒരു മുനിയുടെ ശാന്തതയും ഇരുത്തവും ഉള്‍ക്കാഴ്ചയും കര്‍മ്മചാതുരിയും ഇച്ഛാശക്തിയും കാഴ്ചവച്ച യുഗപ്രഭാവന്‍ അതെ ജോസഫ് മുരിക്കന്‍; വര്‍ണ്ണനകള്‍ക്കതീതമായ വ്യക്തിത്വം. ലോകത്ത് മറ്റെവിടെയെങ്കിലുമായിരുന്നെങ്കില്‍ ഈ മഹാത്ഭുതത്തിന്‍റെ നായകനായ മുരിക്കനെ ഉന്നതസ്ഥാനം നല്‍കി ആദരിക്കുമായിരുന്നു. സ്മരിക്കാനൊരിടമൊരുക്കുമായിരുന്നു. ചരിത്രപാഠമാക്കുമായിരുന്നു.

ഇവിടെ പക്ഷെ, പിന്നീടു വന്ന ഭരണാധികാരികള്‍ ആ മഹാന്‍റെ ത്യാഗസമര്‍പ്പണത്തെ പുച്ഛിച്ചുതള്ളി. ഏതോ വലിയ ഒരപരാധം ചെയ്തതുപോലെ തന്‍റെ മഹാതപസ്സിന്‍റെ സാക്ഷാത്കാരമായ റാണി, ചിത്തിര, മാര്‍ത്താണ്ഡം എന്ന കായല്‍ കൃഷിഭൂമിയെ ഭൂപരിഷ്കരണ നിയമത്തിലൂടെ നിഷ്കരുണം ഏറ്റെടുത്തു. ഒരു കുടിപ്പകപോലെ. ഇതേറ്റെടുക്കുന്നതിനു വേണ്ടിയാണ് ഈ നിയമം കൊണ്ടുവന്നതെന്ന് പല ചരിത്രപണ്ഡിതന്മാരും ചിന്തകരും വിലയിരുത്തിയിട്ടുണ്ട്.

ഏറ്റെടുത്ത കൃഷിഭൂമി രാഷ്ട്രീയമായും മറ്റിതര താല്പര്യങ്ങളാലും ചെറുതുണ്ടുകളാക്കി തങ്ങളുടെ ചാര്‍ച്ചക്കാര്‍ക്കു പതിച്ചു നല്‍കി. അവര്‍ നടത്തിയ കൃഷി ഭീമമായ നഷ്ടത്തിലേയ്ക്കു കൂപ്പു കുത്തി. ഗവണ്‍മെന്‍റിന്‍റെ അന്നത്തെ തീരുമാനം ദയനീയ പരാജയമായിരുന്നു എന്നത് ചരിത്രം സാക്ഷി. ഒരു ദുര്‍വിധിപോലെ വര്‍ഷങ്ങളായി ആ പാടങ്ങള്‍ തരിശ്ശായിക്കിടക്കുകയാണ്. ഹൃദയമുള്ള ആരെയും നൊമ്പരപ്പെടുത്തുന്ന രംഗം! മനുഷ്യസ്നേഹികള്‍, നീതിബോധമുള്ളവര്‍, നന്മയ്ക്കായി ആഗ്രഹിക്കുന്നവര്‍ അവരൊക്കെ അഭിശപ്തമായ ഈ ദുര്‍വിധിയോര്‍ത്ത് ഇന്നും വേദനിക്കുന്നു

രു നിയോഗം പോലെ മാനവസേവാസമിതി ആ മഹാന്‍റെ സമര്‍പ്പിതമായ കര്‍മ്മപുണ്യത്തിന്‍റെ നിത്യസ്മാരകമായി ഒരുകാര്‍ഷിക മ്യൂസിയം നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ്. വരും തലമുറയ്ക്ക് നാടിന്‍റെ യഥാര്‍ത്ഥ ചരിത്രവും കര്‍മ്മധീരതയും പ്രബോധനവുമൊക്കെ കണ്ടറിയാനും നന്മയുടെ ഊര്‍ജ്ജവും കര്‍മ്മരേഖ സാത്മീകരിക്കാനും ഈ ദൃശ്യസംരംഭങ്ങള്‍ക്കു സാധിക്കുമെന്ന തിരിച്ചറിവാണ് ഈ മഹത്തായ ഉദ്യമത്തിനുവേണ്ടി ഞങ്ങളെ പ്രേരിപ്പിച്ചത്. അതിനെക്കുറിച്ച് ഞങ്ങള്‍ക്കു ആഴത്തിലുള്ള സങ്കല്പവും കാഴ്ചപ്പാടുമുണ്ട്. അവഗണിക്കപ്പെട്ട ചരിത്രപുരുഷന്മാരുടെ വീരസ്മരണയെ കൂടി ഉള്‍ച്ചേര്‍ത്തുകൊണ്ടാണ് ഈ സ്മാരകം ഉയരുന്നത്. ഈ മഹാസംരംഭത്തിന് ഇഴയടുപ്പവും ഹൃദയവിശാലതയും നീതിബോധവും ഇച്ഛാശക്തിയുമുള്ള എല്ലാ വ്യക്തികളില്‍ നിന്നും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സഹായസഹകരണവും വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു. ഇതിഹാസം വിരചിച്ച ചരിത്രത്തിലെ ഈ നന്മയോടൊപ്പം ഹൃദയപൂര്‍വ്വം ഒത്തുചേരാം.